Saturday, 20 February, 2010

സാഗര നടുവിൽകാറ്റടിക്കുന്നു കടൽ തേങ്ങുന്നു
തിരകൾ ഉയര്‍ന്നിളകുന്നു!
മായുന്ന സൂര്യന്റെ
അവസാനകിരണവും
മറയുന്നു, ഇരുൾപരക്കുന്നു!

ഉയരുന്ന തിരകളിൽ
അമ്മാനമാടിയൊരു
ചെറുതോണി
ചുഴിയിലേക്കൊഴുകുന്നു!
തുഴയില്ല, തുഴയുവാനാവില്ല
കരകാണാ-
ക്കടലിൻ നടുവിലാണല്ലോ!

അലറുന്ന തിരകളാ-
ണെവിടെയും വാപൊളി-
ച്ചുയരുന്നു സ്രാവുകൾ ചുറ്റും!
അടിയിൽ ഭീമൻ-
തിമിംഗലങ്ങൾ, ഉല-
ഞ്ഞതിവേഗമൊഴുകുന്നു തോണി!

പിടയുമാത്മാവുകൾ
അതിലിരുന്നുരുകുന്നു
പരസ്പരം സാന്ത്വനം പകരുന്നു!
പിരിയാതിരിക്കുവാൻ
കൈ കോര്‍ത്തു നില്ക്കുന്നു
ഉയരുന്നു ഗദ്ഗദങ്ങൾ…

“ചുഴിയിലേയ്ക്കൊഴുകുമീ
ചെറുതോണി വീണ്ടും
കരയിലടുക്കുകില്ലെ…?

മധുമതി വിടരും
മലര്‍മണം ചൊരിയും
രജനികളിനിയും വരില്ലെ…?

അലറുന്ന കടലിനെ
ശാസിച്ച ദൈവമെ
അരികിൽ നീ വരികയില്ലെ…?

അതിശക്തനെ നിൻ
തിരുമാറിലടിയങ്ങൾ-
ക്കഭയം തരികയില്ലെ…?

ഒരുമിച്ചു നിന്‍സ്തുതി
കീര്‍ത്തനം പാടുവാൻ
ഉഷസ്സുകള്‍ ഇനിയും തരില്ലെ…?”


Copyright © 2010 - rosebastin2.blogspot.com. All rights reserved
Image Courtesy: http://www.janeresture.com/kiribati_historical/index.htm

Saturday, 13 February, 2010

ഉദയഗീതം
ഉദയാര്‍ക്കനെത്തി, പൊ-
ന്നുഷസിന്റെ ശ്രീകോവിൽ-
നടയിൽ, പൂമാനം തുടുത്തു
പൃഥിയുടെ മാറിലൊ-
രായിരം പുളകപ്പൂ-
മുകുളങ്ങൾ മിഴിതുറന്നു
മഞ്ഞണിപൂന്തെന്നൽ
കുളിരുമായ് വന്നേതോ
കിന്നാരം ചൊല്ലിയകന്നു
വിരഹിണി യാമിനിതൻ
മിഴിനീരു പുല്‍നാമ്പില്‍
മഞ്ഞായുറഞ്ഞു തുടുത്തു
രാവിന്റെ നൊമ്പരം
പാട്ടിലൊതുക്കിയ,
രാപ്പാടി പാടിയുറങ്ങി!

ഒരുപാടു മോഹങ്ങൾ
ഉള്ളിലൊതുക്കി
തൊഴുകൈയ്യുമായ്‌
നില്പ്പു ഞാൻ!
ഒരുകോടി സൂര്യനെ
വിരിയിക്കും പ്രിയദേവ-
പദതാരിലൊരു
പൂജാമലരാകുവാൻ,
കരളിലെക്കമ്പിയിൽ
ശ്രുതിമീട്ടിയൊരു സ്തുതി-
കീര്‍ത്തനം മധുരമായ് പാടാൻ,
പൊരുളിന്റെ പൊരുളെ നിൻ
പ്രഭയൊന്നു കാണുവാൻ,
കരളിന്റെ ഉള്ളിൽ നിൻ
കാലൊച്ച കേള്‍ക്കുവാന്‍
മധുവൂറും സാന്ത്വന-
സുഖമോലുവാന്‍

അതിമോഹമെന്നാല-
തെൻ തീരാമോഹം
അവിവേകമെന്നാല-
തെന്നാത്മദാഹം!
ഒരു മഹാസാഗരം
ഉള്ളിലൊതുക്കുവാൻ
ഒരു ചിപ്പിതൻ
തീവ്രദാഹം...!

Copyright © 2010 - rosebastin2.blogspot.com. All rights reserved
Image courtsey: http://farm2.static.flickr.com/1345/1403543986_67827ceb2c.jpg

Saturday, 17 October, 2009

അനന്തസ്നേഹമേ...

നിന്റെ അനവദ്യ സ്നേഹം
നൂറു നൂറു കൈവഴികളിലൂടെ
എന്നെ പൊതിയുമ്പോൾ
എന്റെ ഹൃദയം
വലിച്ചു മുറുക്കിയ വീണക്കമ്പിപോലെ
രാഗാർദ്രമാകുന്നു!

ഇളം തെന്നലിന്റെ പരിരംഭണമായി
നിലാവിന്റെ പാൽമഴയായി
നിശാഗന്ധിയുടെ സുഗന്ധമായി
നക്ഷത്രങ്ങളുടെ മനോഹാരിതയായി
തേനിന്റെ മധുരമായി
നീ എനിക്കു ചുറ്റും നിറഞ്ഞു നിൽക്കുമ്പോൾ
കരുണാമയനെ
നിനക്കെന്നോടുള്ള വാത്സല്യമോർത്ത്
എന്റെ ഹൃദയം തുളുമ്പുന്നു!

അമ്മയുടെ വാത്സല്യമായി
നീ എന്നിൽ അലിഞ്ഞു ചേരുമ്പോൾ
പിതാവിന്റെ സംരക്ഷണമായി
നീ എന്നെ പൊതിഞ്ഞു നിൽക്കുമ്പോൾ
വിശുദ്ധ പ്രണയത്തിന്റെ നൈർമല്യമായി
നീ എന്നെ ലഹരി പിടിപ്പിക്കുമ്പോൾ
ഇളം പൈതലിന്റെ കിളിക്കൊഞ്ചലായി
നീഎന്നെ ആനന്ദിപ്പിക്കുമ്പോൾ
മഞ്ഞും നിലാവും രാക്കിളിപ്പാട്ടും നിറഞ്ഞ
രജനിയുടെ നിഗൂഢസൗന്ദര്യമായി
നീഎന്നെ മോഹിപ്പിക്കുമ്പോൾ
ഞാന്‍ വിസ്മയഭരിതയാകുന്നു!

എത്ര സുന്ദരമാണീ പ്രപഞ്ചം!
എത്ര പ്രിയങ്കരം ഈ സന്ധ്യകൾ!
എത്രമനോഹരം ഈ നിലാവ്!
സ്നേഹം, എത്ര മാധുര്യമാർന്ന വികാരം!
നിന്റെ സൃഷ്ടിയിൽ
ഓരോന്നും എത്ര സുന്ദരം, എത്ര പരിപൂർണ്ണം!

നീയാകുന്ന സൂര്യനെ ഉള്ളിലൊതുക്കുന്ന
നിന്റെ പ്രതിബിംബങ്ങളായ
മനുഷ്യർക്കു വേണ്ടി
നീ കരുതിവച്ചിരിക്കുന്ന
കളങ്കമില്ലാ‍ത്ത ആനന്ദങ്ങളെ ഓർത്ത്
അനന്തസ്നേഹത്തിന്റെ അലകടലെ
കൃതജ്ഞതയാൽ വിതുമ്പുന്ന
എന്റെ ആത്മാവിൽ നിന്ന്
സ്തുതിയുടെ കീർത്തനങ്ങൾ ഉയരുന്നു!
ഇടിമുഴക്കത്തിന്റെ ഭീകരതയിൽ,
പൊട്ടിപ്പിളർന്നു കുലുങ്ങിപ്പിടയുന്ന ഭൂ‍മിയുടെ
മുരൾച്ചയിൽ
നിന്റെ ശക്തമായ കാലൊച്ച ഞാന്‍ കേൾക്കുന്നു!
അലറിക്കുതിച്ചെത്തുന്ന കാട്ടാറിന്റെ
ഇരമ്പത്തിൽ
ഭീമാകാരങ്ങളായ തിരമാലകളുടെ
അലർച്ചയിൽ
കൊടുങ്കാറ്റിന്റെ വന്യമായ ആരവത്തിൽ
നിന്റെ ശക്തിയുടെ അടയാളങ്ങൾ
ഞാന്‍ ദർശിക്കുന്നു!
അതിശക്തനെ,
സൗരയൂഥങ്ങളെ അമ്മാനമാടുന്നവനെ
നീയെന്റെ സ്വന്തം,
ഞാന്‍ നിന്റെ സ്വന്തം
എന്നു ചിന്തിക്കുമ്പോൾ
അഭിമാനത്താൽ എന്റെ ഹൃദയം
വിജൃംഭിക്കുന്നു!

നിന്നെക്കുറിച്ചുള്ള സ്മരണയിൽ മുഴുകുമ്പോൾ
കൃതജ്ഞതാസ്തുതികളിൽ
ഹൃദയം അലിയുമ്പോൾ
ധ്യാനത്തിന്റെ ഉൾച്ചുഴികളിലേയ്ക്കു ഞാന്‍
ആഴ്ന്നിറങ്ങുമ്പോൾ
ഏതൊ തിരശ്ശീലക്കപ്പുറം നിന്നു കൊണ്ട്
നീയെന്നെ നോക്കി
മന്ദഹസിക്കുന്നതു ഞാന്‍ കാണുന്നു
നിന്റെ മധുരശബ്ദം
ഞാന്‍ കേൾക്കുന്നു!
കാറ്റിന്റെ ചിറകുകളിൽ
പറന്നുയരുന്ന ധൂളി പോലെ
നിന്റെ അരികിലേക്കു
എന്റെ ഹൃദയം ഉയരുന്നു!
പ്രപഞ്ചം ഒരു കളിപ്പന്തുപോലെ
ചെറുതാകുന്നു!
അവാച്യമായ ആനന്ദത്തിന്റെ
അതിരുകളില്ലാത്ത ലോകത്തിലേക്കു
പറന്നുയരുന്ന ആ നിമിഷം
ഭൂമിയിലെ എല്ലാ ആനന്ദങ്ങളും
എത്ര തുച്ഛമെന്നു ഞാനറിയുന്ന ആനിമിഷം
എത്ര അമൂല്യം!
അനന്തതയുടെ അധിപനെ
ആനന്ദത്തിന്റെ ഉറവിടമെ
കരുണാമയനെ
അനന്ത പരാശക്തിയെ
ആ അമൂല്യനിമിഷത്തെ
നീ അനശ്വരമാക്കുക!
ഒരിക്കലും തിരികെപ്പോകാനാകാത്ത
അനശ്വരബന്ധനത്തിൽ
നീ എന്നെ എന്നേക്കും അടിമയാക്കുക!


Copyright © 2009 - rosebastin2.blogspot.com. All rights reserved

Saturday, 29 August, 2009

സ്വർഗ്ഗം തേടി

അമ്മയുടെ മടിയിൽ
പുഞ്ചിരി പൊഴിക്കുന്ന
കുഞ്ഞിന്റെ മുഖം
സ്നേഹത്തിന്റെ
വിശ്വാസത്തിന്റെ
നിർഭയത്വത്തിന്റെ
പ്രത്യാശയുടെ
സംതൃപ്തിയുടെ
തിളക്കം പൂണ്ട മുഖം
സ്വന്തം ഹൃദയത്തിൽ
നിറഞ്ഞു നിൽക്കുന്ന
ആനന്ദത്തിന്റെ നിഴൽ
ആ കണ്ണുകളിൽ ഒളിവീശുന്നു
തനിക്കു ചുറ്റും ദു:ഖത്തിന്റെ കടൽ ഇരമ്പിയാലും
അത് അവനെ സ്പർശിക്കുന്നില്ല
അവന്‍ സുരക്ഷിതനും
സംതൃപ്തനും
സന്തുഷ്ടനുമാണ്

വളരുമ്പോൾ മനുഷ്യന്റെ
ഉള്ളിൽ
അഹന്തയുടെ
ആർത്തിയുടെ
അസംതൃപ്തിയുടെ
അവിശ്വാസത്തിന്റെ
സ്വാർത്ഥതയുടെ
പകയുടെ
വിദ്വേഷത്തിന്റെ
അസൂയയുടെ
ഭയത്തിന്റെ
അഗ്നി ആളിക്കത്തുന്നു
പുറത്ത് ആനന്ദം പതഞ്ഞൊഴുകിയാലും
ഉള്ളിൽ എരിയുന്ന നരകാഗ്നിയിൽ
അവൻ ദഹിച്ചുകൊണ്ടേയിരിക്കുന്നു

സ്വർഗ്ഗവും നരകവും സ്വയം
സൃഷ്ടിക്കാന്‍ കഴിവുള്ള മനുഷ്യൻ
അതറിയാതെ
സ്വർഗ്ഗനരകങ്ങൾ അന്വേഷിച്ച്
ദൈവത്തിനും മനുഷ്യർക്കും കൈക്കൂലിയുമായി
പരക്കം പായുന്നു!

യേശു പറഞ്ഞു -
“നിങ്ങൾ ശിശുക്കളെപ്പോലെയാകുവിൻ
ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ
സ്വർഗ്ഗം അവർ അവകാശമാക്കും”


Copyright © 2009 - rosebastin2.blogspot.com. All rights reserved

Saturday, 22 August, 2009

നമുക്കു സ്വാർത്ഥരാകാം

വിചാരങ്ങളും വാക്കുകളും
പ്രവൃത്തികളും
വിത്തുകളാണെന്നതു സത്യം!

വിതയ്ക്കുന്നതെല്ലാം
നൂറുമേനി
വിളയുമെന്നതു സത്യം!

വിളഞ്ഞതെല്ലാം
വിളയിച്ചവർ തന്നെ
കൊയ്യേണ്ടി വരുമെന്നതും സത്യം!

ഏനിക്കെല്ലാം നന്മയായി മാത്രം
ഭവിക്കണമെന്ന ആഗ്രഹം
സ്വാർത്ഥമോഹമായിരിക്കാം

എങ്കിലും, നല്ല വിചാരങ്ങളും നല്ല വാക്കുകളും
നല്ല പ്രവൃത്തികളും മാത്രം വിതച്ചു
നമുക്കു സ്വാർത്ഥരാകാം!


Copyright © 2009 - rosebastin.blogspot.com. All rights reserved

Saturday, 15 August, 2009

തിരിച്ചറിവ്

എന്നെ സുരക്ഷിതനാക്കാന്‍ എന്റെ ദൈവം
എന്നെ നിയമങ്ങളുടെ
മതിൽക്കെട്ടിനുള്ളിലാക്കി!
എനിക്കു ചുറ്റും
അരുതുകളുടെ, വിലക്കുകളുടെ, കോട്ട കെട്ടി!

എന്റെ അഹന്ത എന്നോടു പറഞ്ഞു
നിന്റെ ദൈവം നിന്റെ ശത്രുവാണ്!
നിന്നെ അവന്‍ തടവിലാക്കിയിരിക്കുന്നു!
നീ ശക്തനാണ്, ബുദ്ധിമാനാണ്
പുറത്തുവരിക
നിയമങ്ങളുടെ മതിൽക്കെട്ടിനു പുറത്ത്
അതിരുകളില്ലാത്ത സുഖങ്ങൾ
നിന്നെ കാത്തുനില്‍ക്കുന്നു

ഞാന്‍ കോട്ടകൾ തകര്‍ത്തു
വിലക്കുകൾ പൊട്ടിച്ചെറിഞ്ഞു
നിയമങ്ങളെ കാറ്റിൽ പറത്തി
ദൈവത്തെയും
മനുഷ്യരെയും വെല്ലുവിളിച്ചു
എനിക്കിഷ്ടമുള്ളതെല്ലാം ഞാന്‍ ചെയ്തു

നിയമങ്ങളുടെ വേലിക്കെട്ടിനുള്ളിൽ
ശാന്തരായി കഴിയുന്നവരെ നോക്കി
ഭീരുക്കളെന്നും വിഡ്ഡികളെന്നും പരിഹസിച്ചു
എന്നെ ആരും തടഞ്ഞില്ല
എന്റെ അറിവിലും കഴിവിലും
ഞാന്‍ അഹങ്കരിച്ചു

പക്ഷെ... ഞാന്‍ നിനക്കാതിരുന്നതൊന്നു സംഭവിച്ചു

ഞാന്‍ തകര്‍ത്തു കളഞ്ഞ മതിൽക്കെട്ടിലൂടെ
എന്നെക്കാൾ ശക്തരായവർ കടന്നുവന്നു
എന്റെ ജീവനും, എന്റെ സ്വത്തും,
എന്റെ അഭിമാനവും എനിക്കു പ്രിയപ്പെട്ടവരും
കവർച്ചക്കിരയാകപ്പെട്ടു

അപ്പോൾ,

എന്റെ സുരക്ഷക്ക് നിയമങ്ങളുടെ
ഒരു മതിൽ ഉണ്ടായിരുന്നെങ്കിൽ
എന്നു ഞാനാശിച്ചു
നിയമങ്ങൾ അനുസരിക്കപ്പെടേണ്ടതതിന്റെ
ആവശ്യമെന്തെന്നു ഞാനറിഞ്ഞു
ഞാന്‍ എത്ര ദുര്‍ബലനും എത്ര ബുദ്ധിയില്ലാത്തവനും
എന്ന് ഞാനറിഞ്ഞു

ഭാവിഎനിക്കു വേണ്ടി കരുതിവച്ചിരുന്ന
ഒരുപാടു നന്മകൾ നഷ്ടപ്പെടുത്തിക്കൊണ്ട്
വിലപിടിച്ചതെന്നു കരുതി ഞാന്‍
സ്വന്തമാക്കിയതൊക്കെ
വെറും പാഴ്വസ്തുക്കൾ മാത്രമായിരുന്നുവോ?

ഭീരുക്കളെന്നു ഞാന്‍ കരുതിയവരൊക്കെ
സ്വന്തം കോട്ടകള്‍ക്കുള്ളിൽ
സ്വതന്ത്രരും സന്തുഷ്ടരുമായി വസിക്കുന്നവല്ലോ!

അരാജകത്വമാണ് എല്ലാ തകര്‍ച്ചകളുടെയും ആരംഭം!
നിയമങ്ങളുടെ വേലിക്കെട്ടുകള്‍ക്കുള്ളിലാണത്രേ
യഥാർത്ഥ സ്വാതന്ത്ര്യം!

“നിയമങ്ങൾ അനുസരിക്കുന്നത്,
നിരവധി ബലികൾ അര്‍പ്പിക്കുന്നതിനേക്കാൾ ശ്രേഷ്ഠം”
എന്ന അരുളിന്റെ പൊരുൾ ഞാനിപ്പോൾ അറിയുന്നു!


Copyright © 2009 - rosebastin2.blogspot.com. All rights reserved

Saturday, 25 July, 2009

ഞാന്‍ കാത്തിരിക്കുന്നു...

എന്റെ അകക്കണ്ണുകൾ തുറക്കപ്പെടുന്ന നിമിഷം
എന്റെ അന്ത:കരണത്തിൽ
നിന്റെ കാലൊച്ച മുഴങ്ങുന്നഅസുലഭനിമിഷം
പരം പൊരുളെ,
നിന്റെ അംശമായ ഞാൻ നിന്നെ
കണ്ടെത്തുന്ന നിമിഷം…
കാലത്തിന്റെ ഏതോ അജ്ഞാതമുഹൂര്‍ത്തത്തിൽ
സൃഷ്ടിയും സൃഷ്ടാവും ഒന്നിക്കുന്ന
ആ മനോജ്ഞനിമിഷം ഞാൻ കാത്തിരിക്കുന്നുവല്ലൊ…

വഞ്ചിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യാത്ത,
കാലാതീതമായ, ഉപാധികളില്ലാത്ത,
മധുരസ്നേഹമെ,
ദരിദ്രയായ കന്യകയെ സ്വന്തമാക്കുന്ന
സമ്പന്നനായ മണവാളനെപ്പോലെ,
ദരിദ്രവും മലിനവും വിരൂപവും ദു:ഖതപ്തവുമായ
എന്റെ ആത്മാവിനെ
നിന്റെ അനന്തസ്നേഹത്താൽ, കൃപാവരത്താൽ,
ശുദ്ധീകരിച്ച് പ്രഭാപൂരിതമാക്കി
നീ സ്വന്തമാക്കുന്ന ആനിമിഷം…
എപ്പോഴെന്ന് നീ മാത്രമറിയുന്ന
ആ അനശ്വരനിമിഷത്തിനായി,
കരുണാമയനെ, ഞാൻ കാത്തിരിക്കുന്നു…
ഞാന്‍ കാത്തിരിക്കുന്നു…


Copyright © 2009 - rosebastin.blogspot.com. All rights reserved