Saturday, 17 October, 2009

അനന്തസ്നേഹമേ...

നിന്റെ അനവദ്യ സ്നേഹം
നൂറു നൂറു കൈവഴികളിലൂടെ
എന്നെ പൊതിയുമ്പോൾ
എന്റെ ഹൃദയം
വലിച്ചു മുറുക്കിയ വീണക്കമ്പിപോലെ
രാഗാർദ്രമാകുന്നു!

ഇളം തെന്നലിന്റെ പരിരംഭണമായി
നിലാവിന്റെ പാൽമഴയായി
നിശാഗന്ധിയുടെ സുഗന്ധമായി
നക്ഷത്രങ്ങളുടെ മനോഹാരിതയായി
തേനിന്റെ മധുരമായി
നീ എനിക്കു ചുറ്റും നിറഞ്ഞു നിൽക്കുമ്പോൾ
കരുണാമയനെ
നിനക്കെന്നോടുള്ള വാത്സല്യമോർത്ത്
എന്റെ ഹൃദയം തുളുമ്പുന്നു!

അമ്മയുടെ വാത്സല്യമായി
നീ എന്നിൽ അലിഞ്ഞു ചേരുമ്പോൾ
പിതാവിന്റെ സംരക്ഷണമായി
നീ എന്നെ പൊതിഞ്ഞു നിൽക്കുമ്പോൾ
വിശുദ്ധ പ്രണയത്തിന്റെ നൈർമല്യമായി
നീ എന്നെ ലഹരി പിടിപ്പിക്കുമ്പോൾ
ഇളം പൈതലിന്റെ കിളിക്കൊഞ്ചലായി
നീഎന്നെ ആനന്ദിപ്പിക്കുമ്പോൾ
മഞ്ഞും നിലാവും രാക്കിളിപ്പാട്ടും നിറഞ്ഞ
രജനിയുടെ നിഗൂഢസൗന്ദര്യമായി
നീഎന്നെ മോഹിപ്പിക്കുമ്പോൾ
ഞാന്‍ വിസ്മയഭരിതയാകുന്നു!

എത്ര സുന്ദരമാണീ പ്രപഞ്ചം!
എത്ര പ്രിയങ്കരം ഈ സന്ധ്യകൾ!
എത്രമനോഹരം ഈ നിലാവ്!
സ്നേഹം, എത്ര മാധുര്യമാർന്ന വികാരം!
നിന്റെ സൃഷ്ടിയിൽ
ഓരോന്നും എത്ര സുന്ദരം, എത്ര പരിപൂർണ്ണം!

നീയാകുന്ന സൂര്യനെ ഉള്ളിലൊതുക്കുന്ന
നിന്റെ പ്രതിബിംബങ്ങളായ
മനുഷ്യർക്കു വേണ്ടി
നീ കരുതിവച്ചിരിക്കുന്ന
കളങ്കമില്ലാ‍ത്ത ആനന്ദങ്ങളെ ഓർത്ത്
അനന്തസ്നേഹത്തിന്റെ അലകടലെ
കൃതജ്ഞതയാൽ വിതുമ്പുന്ന
എന്റെ ആത്മാവിൽ നിന്ന്
സ്തുതിയുടെ കീർത്തനങ്ങൾ ഉയരുന്നു!
ഇടിമുഴക്കത്തിന്റെ ഭീകരതയിൽ,
പൊട്ടിപ്പിളർന്നു കുലുങ്ങിപ്പിടയുന്ന ഭൂ‍മിയുടെ
മുരൾച്ചയിൽ
നിന്റെ ശക്തമായ കാലൊച്ച ഞാന്‍ കേൾക്കുന്നു!
അലറിക്കുതിച്ചെത്തുന്ന കാട്ടാറിന്റെ
ഇരമ്പത്തിൽ
ഭീമാകാരങ്ങളായ തിരമാലകളുടെ
അലർച്ചയിൽ
കൊടുങ്കാറ്റിന്റെ വന്യമായ ആരവത്തിൽ
നിന്റെ ശക്തിയുടെ അടയാളങ്ങൾ
ഞാന്‍ ദർശിക്കുന്നു!
അതിശക്തനെ,
സൗരയൂഥങ്ങളെ അമ്മാനമാടുന്നവനെ
നീയെന്റെ സ്വന്തം,
ഞാന്‍ നിന്റെ സ്വന്തം
എന്നു ചിന്തിക്കുമ്പോൾ
അഭിമാനത്താൽ എന്റെ ഹൃദയം
വിജൃംഭിക്കുന്നു!

നിന്നെക്കുറിച്ചുള്ള സ്മരണയിൽ മുഴുകുമ്പോൾ
കൃതജ്ഞതാസ്തുതികളിൽ
ഹൃദയം അലിയുമ്പോൾ
ധ്യാനത്തിന്റെ ഉൾച്ചുഴികളിലേയ്ക്കു ഞാന്‍
ആഴ്ന്നിറങ്ങുമ്പോൾ
ഏതൊ തിരശ്ശീലക്കപ്പുറം നിന്നു കൊണ്ട്
നീയെന്നെ നോക്കി
മന്ദഹസിക്കുന്നതു ഞാന്‍ കാണുന്നു
നിന്റെ മധുരശബ്ദം
ഞാന്‍ കേൾക്കുന്നു!
കാറ്റിന്റെ ചിറകുകളിൽ
പറന്നുയരുന്ന ധൂളി പോലെ
നിന്റെ അരികിലേക്കു
എന്റെ ഹൃദയം ഉയരുന്നു!
പ്രപഞ്ചം ഒരു കളിപ്പന്തുപോലെ
ചെറുതാകുന്നു!
അവാച്യമായ ആനന്ദത്തിന്റെ
അതിരുകളില്ലാത്ത ലോകത്തിലേക്കു
പറന്നുയരുന്ന ആ നിമിഷം
ഭൂമിയിലെ എല്ലാ ആനന്ദങ്ങളും
എത്ര തുച്ഛമെന്നു ഞാനറിയുന്ന ആനിമിഷം
എത്ര അമൂല്യം!
അനന്തതയുടെ അധിപനെ
ആനന്ദത്തിന്റെ ഉറവിടമെ
കരുണാമയനെ
അനന്ത പരാശക്തിയെ
ആ അമൂല്യനിമിഷത്തെ
നീ അനശ്വരമാക്കുക!
ഒരിക്കലും തിരികെപ്പോകാനാകാത്ത
അനശ്വരബന്ധനത്തിൽ
നീ എന്നെ എന്നേക്കും അടിമയാക്കുക!


Copyright © 2009 - rosebastin2.blogspot.com. All rights reserved

No comments:

Post a Comment