ഉദയാര്‍ക്കനെത്തി, പൊ-
ന്നുഷസിന്റെ ശ്രീകോവിൽ-
നടയിൽ, പൂമാനം തുടുത്തു
പൃഥിയുടെ മാറിലൊ-
രായിരം പുളകപ്പൂ-
മുകുളങ്ങൾ മിഴിതുറന്നു
മഞ്ഞണിപൂന്തെന്നൽ
കുളിരുമായ് വന്നേതോ
കിന്നാരം ചൊല്ലിയകന്നു
വിരഹിണി യാമിനിതൻ
മിഴിനീരു പുല്‍നാമ്പില്‍
മഞ്ഞായുറഞ്ഞു തുടുത്തു
രാവിന്റെ നൊമ്പരം
പാട്ടിലൊതുക്കിയ,
രാപ്പാടി പാടിയുറങ്ങി!
ഒരുപാടു മോഹങ്ങൾ
ഉള്ളിലൊതുക്കി
തൊഴുകൈയ്യുമായ്
നില്പ്പു ഞാൻ!
ഒരുകോടി സൂര്യനെ
വിരിയിക്കും പ്രിയദേവ-
പദതാരിലൊരു
പൂജാമലരാകുവാൻ,
കരളിലെക്കമ്പിയിൽ
ശ്രുതിമീട്ടിയൊരു സ്തുതി-
കീര്‍ത്തനം മധുരമായ് പാടാൻ,
പൊരുളിന്റെ പൊരുളെ നിൻ
പ്രഭയൊന്നു കാണുവാൻ,
കരളിന്റെ ഉള്ളിൽ നിൻ
കാലൊച്ച കേള്‍ക്കുവാന്‍
മധുവൂറും സാന്ത്വന-
സുഖമോലുവാന്‍
അതിമോഹമെന്നാല-
തെൻ തീരാമോഹം
അവിവേകമെന്നാല-
തെന്നാത്മദാഹം!
ഒരു മഹാസാഗരം
ഉള്ളിലൊതുക്കുവാൻ
ഒരു ചിപ്പിതൻ
തീവ്രദാഹം...!
Copyright © 2010 - rosebastin2.blogspot.com. All rights reserved
Image courtsey: http://farm2.static.flickr.com/1345/1403543986_67827ceb2c.jpg
No comments:
Post a Comment