Saturday 25 July, 2009

അതു നീയായിരുന്നു

അവാച്യവും മധുരതരവുമായ
ഏതോ അസ്വസ്ഥതയാൽ
എന്റെ ഹൃദയത്തെ ആര്‍ദ്രമാക്കിയത്,
പ്രപഞ്ച സംവിധാനത്തിലെ ഓരോ സൂഷ്മാംശങ്ങളിലും
നിറഞ്ഞു കവിയുന്ന ശില്പചാതുരിയിലൂടെ
എന്നെ അത്ഭുത പരതന്ത്രനാക്കിയത്,
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള
ഉല്‍ക്കടമായ അഭിവാഛ എന്റെ ഹൃദയത്തിൽ നിറച്ചത്,
സ്നേഹസ്വരൂപാ അതു നീയായിരുന്നു!

ജീവിതത്തിന്റെ വ്യര്‍ഥതയോര്‍ത്ത്,
നിമിഷങ്ങൾ കൊണ്ടു വീണുടയുന്ന
ലോകസുഖങ്ങളുടെ ക്ഷണികതയോര്‍ത്ത്
എന്റെ ഹൃദയം വിഷാദാര്‍ദ്രമായപ്പോൾ,
അനശ്വരമായ ഒരു ലക്ഷ്യം തേടി
ഞാൻ പിടഞ്ഞപ്പോൾ,
അകലെ എവിടെയോ തെളീഞ്ഞുനിന്ന
പ്രത്യാശയുടെ ഒരു നക്ഷത്രദീപ്തി;
അതു നീയായിരുന്നു!

സൂര്യകിരണങ്ങൾ മഞ്ഞിനെയെന്ന പോലെ
ഹൃദയവേദനകളെ ഉരുക്കി കളയുന്ന
സ്നേഹാര്‍ദ്രരശ്മികൾ പുറപ്പെടുന്ന ആ നയനങ്ങൾ,
ദയയും സ്നേഹവും നിറഞ്ഞ,
ശാസിക്കുന്ന, പരിഭവിക്കുന്ന,
കരുണചൊരിയുന്ന ആ നയനങ്ങൾ;
അതു നിന്റേതായിരുന്നു!

അനുഗ്രഹങ്ങൾ വാരിച്ചൊരിയാൻ വേണ്ടി
നീ കരമുയര്‍ത്തിയപ്പോഴൊക്കെ
ഹൃദയകവാടങ്ങൾ അടച്ചു പൂട്ടിക്കൊണ്ടു
പുറം തിരിഞ്ഞു പോയ എന്റെ അജ്ഞതക്കു നേരെ
വിഷാദം കലര്‍ന്ന വാത്സല്യത്തോടെനോക്കി
മന്ദഹസിച്ച സ്നേഹസ്വരൂപൻ;
അതു നീയായിരുന്നു!

വീണും കരഞ്ഞും പിച്ചവച്ചും നടക്കാൻ പഠിക്കുന്ന
പിഞ്ചുകുഞ്ഞിനെ അമ്മയെന്നപോലെ
എന്റെ വീഴ്ചകളിലൂടെ
എന്റെ തകര്‍ച്ചകളിലൂടെ
എന്റെ വിഡ്ഡിത്തങ്ങളിലൂടെ
എന്റെ കണ്ടെത്തലുകളിലുടെ
എന്നെ കൈ പിടിച്ചു നയിച്ചത്,
തിന്മയിലേക്കു ഞാന്‍ ചുവടുകൾ വെച്ചപ്പോഴൊക്കെ
അരുതെ എന്നു വിലക്കിയത്,
ഉറക്കത്തിലും ഉണര്‍വിലും സ്വപ്നത്തിലും ജാഗ്രത്തിലും
എന്റെ ബോധ മണ്ഡലത്തിലേക്ക്
അറിവിന്റെ മുത്തുകൾ വാരിയിട്ടു തന്നത്;
കാരുണ്യരൂപാ അതു നീയായിരുന്നു!

Copyright © 2009 - rosebastin2.blogspot.com. All rights reserved

No comments:

Post a Comment