Monday 29 June, 2009

എന്റെ അഭയമേ...

ആരംഭവും അവസാനവും ഇല്ലാത്തവനെ…
പരം പൊരുളെ…
നിത്യാനന്ദത്തിന്റെ പറുദീസയിൽ നിന്ന്
നീയെന്നെ കൈമാടി വിളിക്കുമ്പോൾ…
ആത്മാവിന്റെ അകത്തളങ്ങളിൽ
നിന്റെ ഗാംഭീര്യമൂറുന്ന ശബ്ദം
മുഴങ്ങുമ്പോൾ...
എല്ലാം ഇട്ടെറിഞ്ഞ് നിന്റെ
അരികിലെത്താൻ
എന്റെ ഹൃദയം വെമ്പുന്നു...
ദയ നിറഞ്ഞ നിന്റെ നയനങ്ങളെ
സ്മരിക്കുമ്പോൾ,
വാക്കുകൾക്കതീതമായ ആനന്ദം
ആത്മാവിൽ നിറയുന്നു...
സങ്കീർണ്ണവും ദുരൂഹവും
വൈരുദ്ധ്യപൂർണ്ണവുമായ
ജീവിതത്തിന്റെ മുഖം എന്നെ
ഭയപ്പെടുത്തുമ്പോൾ...
ചിന്താക്കുഴപ്പത്തിൽ പെട്ട്
തലച്ചോർ മന്ദീഭവിക്കുമ്പോൾ...
ബുദ്ധിയുടെ പരിമിതിയിലൊതുങ്ങാത്ത
ചോദ്യങ്ങളുടെ ഉത്തരംതേടി
അവിടുത്തെ തൃപ്പാദങ്ങളീൽ
ഞാനോടിയെത്തുന്നു...
അപ്പോൾ… ചോദിക്കാൻ വന്നതെന്തെന്നു
ഞാൻ മറന്നു പോകുന്നു...
എല്ലാ ഉത്തരവും ലഭിച്ചതു പോലെ
മനസു സംതൃപ്തമാകുന്നു...
ഹൃദയം ശാന്തമാകുന്നു; പക്ഷെ...
ഏതൊ അജ്ഞാതമുഹൂർത്ത ത്തിൽ
നിന്റെ പാദങ്ങൾ എന്റെ പിടിയിൽ നിന്നു
വഴുതിപ്പോകുന്നതെന്തു കൊണ്ട്...?
പൊക്കിൾക്കൊടിയുടെ ബന്ധമറ്റ
ശിശുവിനെ പോലെ എന്റെആത്മാവ്
വിലപിക്കുന്നതെന്തു കൊണ്ട്?
അന്ധകാരത്തിൽ നിന്നു
വെളിച്ചത്തിലേക്കു തുറക്കുന്ന
സുവർണ്ണതാക്കോൽ എനിക്കു
നഷ്ടപ്പെടുന്നതെന്തുകൊണ്ട്...?


Copyright © 2009 - rosebastin2.blogspot.com. All rights reserved

1 comment:

  1. അവന്‍ നമ്മുടെ ഏറ്റവുമടുത്ത് തന്നെയുണ്ട് അത് തൊട്ടറിയാനും തിരിച്ചറിയാനും കഴിയട്ടെ :)

    ReplyDelete